മാധ്യമരംഗം ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. രാജ്യത്തെ ഐടി ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടു വന്ന ഭേദഗതിക്കെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ഐടി നിയമം ഭേദഗതി ചെയ്തത് സാമൂഹിക മാധ്യമങ്ങളെ പിടിച്ചടക്കുക ലക്ഷ്യമിട്ടാണെന്ന് കപിൽ സിബൽ വ്യക്തമാക്കി. സാമൂഹികമാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ അപ്പീൽ സമിതികൾ രൂപവത്കരിക്കുന്നതിനായി ഐ.ടി. ചട്ടങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

ആദ്യം ടെലിവിഷൻ നെറ്റ്‌വർക്കുകൾ പിടിച്ചെടുത്ത അവർ ഇപ്പോൾ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ പിടിക്കാനുള്ള നീക്കത്തിലാണ്. ഇത് മാധ്യമരംഗം ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹ മാദ്ധ്യമങ്ങളായിരുന്നു അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ബാക്കിയുള്ള ഏകസ്ഥലം. എന്നാൽ, അവിടെയും കേന്ദ്രം ഇടപെടുകയാണ്. എല്ലാ തരം മാധ്യമങ്ങളെയും വരുതിയിലാക്കനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും വിമർശിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ പൗരന്മാർക്ക് അവശേഷിച്ച ഒരേയൊരു വേദിയായിരുന്നു സാമൂഹിക മാധ്യമങ്ങൾ. ഇവിടെ അഭിപ്രായം പറയുമ്പോൾ കേസെടുക്കുന്നു. സാധാരണ ജനങ്ങൾക്ക് മുന്നിൽ ബാക്കിയായ സാധ്യതയായിരുന്നു സാമൂഹിക മാധ്യമങ്ങൾ, ഒരു രാഷ്ട്രീയ പാർട്ടി, ഒരു ഭരണസംവിധാനം, ഒരു നിയമം, ആരോടും ഉത്തരം പറയേണ്ടതില്ലാ ഒരു നിലയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.