ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രവിദഗ്ധ സംഘം നാളെ ആലപ്പുഴയിൽ എത്തിയേക്കും. ഡൽഹി എയിംസിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും വിദഗ്ധരാണ് പ്രതിരോധ നടപടികൾ വിലയിരുത്താൻ വേണ്ടി ആലപ്പുഴയിലെത്തുന്നത്.
അതേസമയം, ഹരിപ്പാട് വഴുതാനം പാടശേഖരത്ത് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ആരംഭിച്ചു. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിലെ വളർത്ത് പക്ഷികളെ കഴിഞ്ഞ ദിവസം കൊന്നിരുന്നു. പ്രദേശത്തെ ചിലർ പക്ഷികളെ ഒളിപ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ മേഖലകളിൽ കൂടുതൽ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. പ്രദേശത്ത് നാളെ അണുനശീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്ടോബർ 30വരെ നിരോധിച്ച് ജില്ല കളക്ടർ ഉത്തരവിട്ടുണ്ട്.
ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ തഹസീൽദാർമാരും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

