സോഷ്യല്‍മീഡിയ പരാതികള്‍ പരിഹരിക്കാം; ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം

ഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളും നിയമങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്കുകൂടി ബാധകമാക്കിക്കൊണ്ടാണ് പുതിയ ഭേദഗതികള്‍.

ഭേദഗതി ചെയ്ത ഐ.ടി ചട്ടങ്ങള്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറത്തുവിട്ടു. സമൂഹമാധ്യമ പരാതി പരിഹാര സമിതി തന്നെയാണ് പുതിയ ഭേദഗതിയിലെ ശ്രദ്ധേയമായ നടപടി. സമൂഹമാധ്യമ കമ്ബനികളുടെ നടപടി തൃപ്തികരമല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് സമിതിയെ സമീപിക്കാം. പൂര്‍ണമായും ഓണ്‍ലൈനായായിരിക്കും പരാതി പരിഹാര നടപടികള്‍. 30 ദിവസത്തിനകം പരാതികളില്‍ തീര്‍പ്പുണ്ടാക്കും.

അതേസമയം, അടുത്ത മൂന്നു മാസത്തിനകം പരാതി പരിഹാര സമിതിയെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കും. ചെയര്‍പേഴ്സന്‍ അടക്കം മൂന്ന് സ്ഥിരാംഗങ്ങളായിരിക്കും സമിതിയിലുണ്ടാകുക. പരാതി പരിഹാര സമിതികള്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ നേരത്തെ സമൂഹമാധ്യമ ഭീമന്മാര്‍ എതിര്‍പ്പറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് നടപടിയെന്നാണ് കമ്ബനികള്‍ വാദിച്ചത്.