നോ ടു ഡ്രഗ്‌സ്; അതിഥിത്തൊഴിലാളികളുടെ ലഹരിവിരുദ്ധ മഹാറാലി ശനിയാഴ്ച്ച

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സംസ്ഥാനതല സമാപനവും അതിഥിത്തൊഴിലാളികളുടെ ലഹരിവിരുദ്ധ മഹാറാലിയും ശനിയാഴ്ച്ച തിരുവനന്തപുരത്ത് നടക്കും.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ലഹരിവിരുദ്ധ റാലിയുടെ ഫ്‌ളാഗ് ഓഫ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും. ലഹരിക്കെതിരെയുള്ള സന്ദേശങ്ങളുമായി രണ്ടായിരത്തിലധികം അതിഥിത്തൊഴിലാളികൾ പങ്കെടുക്കുന്ന വർണാഭമായ വിളംബര റാലി പുത്തരിക്കണ്ടം മൈതാനത്തെ ഇ കെ നായനാർ പാർക്കിൽ സമാപിക്കും.

അതേസമയം, ലഹരിക്കെതിരെയുള്ള ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിന്റെ ഭാഗമായി കേരള മോട്ടാർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച രാവിലെ 11.30 ന് കനകക്കുന്ന് കൊട്ടാരം മുതൽ തമ്പാനൂർ വരെ ലഹരിവിരുദ്ധ ബോധവത്ക്കരണ വാഹന റാലി സംഘടിപ്പിക്കും. തൊഴിൽ – വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വാഹന റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനാകും. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അതിഥിത്തൊഴിലാളി ക്യാമ്പുകളിലും തൊഴിലിടങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈമാറിയിരുന്നു. തൊഴിലാളികളുടെ മാതൃഭാഷയിലുള്ള പ്രചാരണ സാമഗ്രികളാണ് കവചിനായി തയ്യാറാക്കിയത്. ഇതിനോടനുബന്ധിച്ച് വിപുലമായ സോഷ്യൽ മീഡിയ ക്യാമ്പയിനും സംഘടിപ്പിച്ചു.