നയൻതാരയും വിഘ്നേഷ് ശിവനും വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടില്ല; തമിഴ്‌നാട് ആരോഗ്യ വകുപ്പ്

ചെന്നൈ: സിനിമാതാരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്. വാടകഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

2016 മാർച്ചിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാടക ഗർഭധാരണത്തിനുള്ള കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഇരുവരും ഈ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നുവെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ആധികാരികത അന്വേഷണത്തിലൂടെ ഉറപ്പായെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

ഐസിഎംആർ നിർദ്ദേശപ്രകാരമുള്ള മാർഗനിർദ്ദേശമെല്ലാം പാലിച്ചുകൊണ്ടാണ് വാടക ഗർഭധാരണം നടത്തിയത്. വാടക ഗർഭധാരണത്തിനായി മുന്നോട്ട് വന്ന സ്ത്രീയും നിർദേശങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2021 നവംബറിലാണ് വിഘ്‌നേഷ് ശിവനും നയൻതാരയും വാടക ഗർഭധാരണത്തിനായി യുവതിയുമായി കരാറിൽ ഒപ്പിട്ടത്. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ചികിത്സ നടന്നത്.