ന്യൂഡൽഹി: ഇന്ത്യൻ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളായ ഗണപതി, ലക്ഷ്മീ ദേവി തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നാണ് അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെടുന്നത്. ചിത്രങ്ങൾ പതിച്ചാൽ രാജ്യത്തിന് ഐശ്വര്യം വരുമെന്നും അദ്ദേഹം പറയുന്നു.
ഈ ചിത്രങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോ പതിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ദൈവങ്ങൾ കറൻസി നോട്ടുകളിലാണെങ്കിൽ, രാജ്യം മുഴുവൻ അവരുടെ അനുഗ്രഹം നേടും. ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണ്, ഗണേശൻ തടസങ്ങൾ അകറ്റുന്ന ദൈവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കരകയറുന്നതിനായി നിരവധി നടപടികളുണ്ട്. എന്നാൽ ചിലതെല്ലാം ചെയ്താലും ചിലപ്പോൾ നല്ല ഫലം ഉണ്ടാകില്ല. അതിന് ദൈവാനുഗ്രഹം വേണമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ കറൻസികളുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടേയും ചിത്രങ്ങൾ വേണം. കറൻസി നോട്ടുകളിൽ രണ്ട് ദൈവങ്ങളുടെ ചിത്രങ്ങൾ ഉള്ളത് രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കും. ഇനിമുതൽ എല്ലാ മാസവും പുറത്തിറക്കുന്ന പുതിയ കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോകൾ ചേർക്കാം. എന്നാൽ നിലവിലെ കറൻസി നോട്ടുകൾ പിൻവലിക്കേണ്ട ആവശ്യമില്ലെന്നും കേജ്രിവാൾ വ്യക്തമാക്കുന്നു.

