ചെന്നൈ: തമിഴ്നാട് മുന് മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന് ജയകുമാറിന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപിച്ച് ജയകുമാറിന്റെ മകള് ദീപ. തമിഴ് വാര്ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവര് ആരോപണമുന്നയിച്ചത്.
‘ശശികലയുടെ സഹോദരിയുടെ മകന് സുധാകരനെ ജയലളിത വളര്ത്തുപുത്രനായി സ്വീകരിച്ചതിനെ ജയലളിതയുടെ ഏകസഹോദരനായിരുന്ന ജയകുമാര് എതിര്ത്തിരുന്നു. സുധാകരന്റെ വിവാഹം അത്യാഡംബരപൂര്വം ജയലളിതയുടെ നേതൃത്വത്തില് നടത്തിക്കഴിഞ്ഞതിന് ശേഷമായിരുന്നു ജയകുമാറിന്റെ മരണം. തടിച്ച ശരീരപ്രകൃതമായിരുന്നെങ്കിലും വലിയ ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. പെട്ടെന്ന് മരണം സംഭവിച്ചതിനാല് അന്നുതന്നെ സംശയം തോന്നിയിരുന്നു. 1995-ലാണ് ജയകുമാറിനെ വീട്ടിലെ കസേരയില് ചലനമറ്റനിലയില് കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയില് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോര്ട്ടം നടത്താന് ഒരുങ്ങിയിരുന്നെങ്കിലും ഒരു ഉയര്ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് ഇടപെട്ട് അത് ഒഴിവാക്കുകയായിരുന്നു. പോസ്റ്റ്മോര്ട്ടം നടത്തണമെന്നായിരുന്നു ജയലളിതയുടെ നിര്ദേശമെങ്കിലും വേറെ ചിലരുടെ ഇടപെടല് ഈ തീരുമാനം അട്ടിമറിച്ചു’- ദീപ ആരോപിച്ചു. ശശികലയാണ് ഇതിനുപിന്നിലെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.

