ന്യൂഡല്ഹി: ഋഷി സുനകിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ മാതൃക ഇന്ത്യ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന പി ചിദംബരത്തിന്റെയും ശശി തരൂരിന്റെയും പ്രസ്താവന തള്ളി കോണ്ഗ്രസ്.
ന്യൂനപക്ഷ വിഭാഗങ്ങളില് നിന്ന് ഒട്ടേറെപേര് മുന്കാലങ്ങളില് രാഷ്ട്രപതിയും മുഖ്യമന്ത്രിമാരുമായ ഇന്ത്യയ്ക്ക് മറ്റൊരു രാജ്യത്തില് നിന്ന് പാഠം പഠിക്കേണ്ടതില്ലെന്നും, ഋഷി സുനകിന്റെ മാതൃക പിന്തുടരണമെന്ന നേതാക്കളുടെ അഭിപ്രായങ്ങളില് അവരോടു തന്നെ വിശദീകരണം ചോദിക്കണമെന്നും കോണ്ഗ്രസ് ജനറല് സെക്രട്ടറി ജയറാം രമേഷ് വ്യക്തമാക്കി. സക്കീര് ഹുസൈന്, ഫക്രുദീന് അലി അഹമ്മദ്, എ പി ജെ അബ്ദുല് കലാം തുടങ്ങിയവര് രാഷ്ട്രപതിയായതും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇരുവരുടെയും പ്രസ്താവനക്കെതിരെ നേരത്തെ ബിജെപിയും രംഗത്തെത്തിയിരുന്നു. ‘എ പി ജെ അബ്ദുല് കലാം രാഷ്ട്രപതിയായതും മന്മോഹന്സിങ് പ്രധാനമന്ത്രിയായതും കോണ്ഗ്രസ് നേതാക്കള് മറന്നോ? സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രിസ്ഥാനം ലഭിക്കാത്തതാണ് നേതാക്കള് ഉദ്ദേശിച്ചതെങ്കില് അതും ഋഷി സുനകിന്റെ സ്ഥാനാരോഹണവും തമ്മില് വ്യത്യാസമുണ്ട്. ഇറ്റലിയില് ജനിച്ച സോണിയ രാജീവിനെ വിവാഹം കഴിച്ചെങ്കിലും ദീര്ഘകാലം ഇന്ത്യന് പൗരത്വം സ്വീകരിക്കാന് തയാറായില്ല’- ബിജെപി നേതാവ് വിജയ് ചൗതയ് വാലെ അഭിപ്രായപ്പെട്ടു.

