തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ ഒരു മാദ്ധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിച്ചതാണെന്നും ഇത് ചിലർ വാർത്താ സമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവർണർ വിശദമാക്കി.
വാർത്താസമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഗവർണർക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണർ വിശദീകരണവുമായി രംഗത്തെത്തിയത്. കൈരളി, ജയ്ഹിന്ദ്, മീഡിയ വൺ, റിപ്പോർട്ടർ എന്നീ ചാനലുകളെയാണ് ഗവർണർ വിലക്കിയത്. ഉച്ചക്ക് ശേഷം രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചപ്പോഴും എല്ലാ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.
പ്രതികരണം മെയിലിലൂടെ ആവശ്യപ്പെട്ടവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയെന്നായിരുന്നു വിശദീകരണം. വാർത്തകൾ വളച്ചൊടിച്ചത് തിരുത്താൻ പറഞ്ഞിട്ട് ചെയ്യാത്തവരെയും ഒഴിവാക്കിയെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

