ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ചരിത്രപരമായ മുഹൂർത്തത്തിനാണ് ഋഷിസുനകിന്റെ സ്ഥാനമേറ്റടുക്കലിലൂടെ ബ്രിട്ടൺ സാക്ഷ്യം വഹിച്ചത്. ബ്രിട്ടന്റെ 57 ാമത് പ്രധാനമന്ത്രിയാണ് ഋഷി സുനക്. ചാൾസ് രാജാവാണ് പരമ്പരാഗത ചടങ്ങിൽ സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ഋഷിയെ ക്ഷണിച്ചത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് അദ്ദേഹം.
ബക്കിങ്ങാം കൊട്ടാരത്തിന്റെ 1844-ാം മുറിയിൽ വച്ചായിരുന്നു ഋഷി സുനകിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ചുമതലയേറ്റ ശേഷം അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് സൃഷ്ടിച്ച പ്രകമ്പനങ്ങൾ ഇപ്പോഴും തുടരുകയാണ്. മുൻഗാമിയുടെ തെറ്റുകൾ തിരുത്താനാണ് കൺസർവേറ്റീവ് പാർട്ടിയുടെ നായകനും പ്രധാനമന്ത്രിയുമായി തന്നെ തെരഞ്ഞെടുത്തത്. ഇതിനായുള്ള ജോലികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാൻസലറായിരിക്കെ ജനങ്ങളെയും വ്യവസായങ്ങളെയും സംരക്ഷിക്കാൻ ചെയ്തത് ഇനിയും തുടരും; ഭാവി തലമുറ കടക്കെണിയിൽ അകപ്പെടാൻ അനുവദിക്കില്ല. വാക്കുകൾ കൊണ്ടല്ലാതെ പ്രവർത്തി കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കുകയും ജനങ്ങൾക്കായി രാപ്പകൽ അധ്വാനിക്കുകയും ചെയ്യും. ഉയർന്ന പദവിയിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കും. തന്റെ മന്ത്രിസഭ സത്യസന്ധതയും പ്രഫഷണലിസവും നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

