ഡിജിറ്റല്‍, ശ്രീനാരായണ ഗുരു സര്‍വകലാശാല വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി കാരണം കാണിക്കല്‍ നോട്ടീസയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

കെടിയു കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഇരുവരുടെയും നിയമനത്തില്‍ യുജിസി ചട്ടലംഘനങ്ങളുണ്ടെന്നും നോട്ടീസില്‍ പറയുന്നു. പുറത്തുപോകാതിരിക്കാനുള്ള കാരണം നവംബര്‍ നാലിനകം അറിയിക്കണമെന്നും ഗവര്‍ണറുടെ നോട്ടീസില്‍ വ്യക്തമാക്കുന്നു.

അതേസമയം, വിരമിച്ച വി.സിമാരും വിശദീകരണം നല്‍കണമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചതിനാല്‍ ഇന്ന് പദവിയില്‍ നിന്ന് വിരമിച്ച കേരളാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. സുപ്രീം കോടതി വിധി വന്നപ്പോള്‍ അദ്ദേഹം വൈസ് ചാന്‍സലറായിരുന്നുവെന്നും കോടതി വിധി പ്രകാരം യുജിസി ചട്ടം ലംഘിച്ചുള്ള നിയമനങ്ങള്‍ അസാധുവാണെന്നുമാണ് വിശദീകരണം.