തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന സർക്കാർ പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. എന്നാൽ, ഈ വിമർശനങ്ങൾക്ക് വളരെ വിചിത്രമായ രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കണ്ടാൽ മതിയെന്നാണ് മന്ത്രി പറയുന്നത്. കള്ള് കേരളത്തിലുള്ള ഒരു പാനീയമാണെന്നും അദ്ദേഹം വിശദമാക്കുന്നു.
തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച ശേഷമായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കണമെന്ന് സർക്കാർ ആഹ്വാനം ചെയ്തിരുന്നു. ലഹരിക്കെതിരെ വീടുകളിൽ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സർക്കാരിന്റെ നടപടി. ഇതിന്റെ ഭാഗമായാണ് വി ശിവൻകുട്ടിയുടെ വസതിയിലും ദീപം തെളിയിച്ചത്.
അതേസമയം, കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് നിലവിൽ വന്നത്. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്.
കേരളാ സ്മോൾ സ്കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാകും.
ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

