തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വിസിമാർക്ക് തത്ക്കാലം തുടരാമെന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവർണർ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായി അധികാരങ്ങളും പദവിയുമുണ്ട്. അത് വെച്ചുകൊണ്ട് പ്രവർത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന ഗവർണർക്ക് നൽകിയിട്ടുള്ള അധികാരങ്ങളുണ്ട്. ആ അധികാരം സംസ്ഥാന സർക്കാർ എന്താണോ നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യാനാണ്. വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാകില്ല. അത്തരത്തിലുള്ള ഒന്നുമായിട്ടും പുറപ്പെടുകയും വേണ്ട. അങ്ങനെയുള്ള ഒരു പുറപ്പെടലും സമ്മതിക്കുന്ന ഒരു നാടല്ല ഈ കേരളം എന്ന് മനസിലാക്കികൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണ്ണർക്ക് എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് ഒരു പിടി കിട്ടുന്നില്ല. സാധാരണ നമ്മൾ പല ആൾക്കാരെ നമ്മുടെ സമൂഹത്തിൽ കാണാറുണ്ടല്ലോ. അതിലൊരു ഗണത്തിൽ അദ്ദേഹം പെട്ടുപോകുന്നുണ്ടോ എന്നൊരു സംശയം. അത് മുഖ്യമന്ത്രിയോ സർക്കാരോ വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്നതല്ല. അതിന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ നല്ല രീതിയി നടപടികൾ സ്വീകരിക്കണം. പിന്നെ ഗവർണർ ഗവർണറുടെ ചുമതല നിർവഹിച്ചാൽ മതി. എന്തോ വലിയ അപരാധം ആയി മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്നൊരുകാലത്ത് വിളിച്ചില്ലെ എന്നോക്കെ ചോദിക്കുന്നുണ്ട്. ആ കഥയിലേക്കൊന്നും പോവുന്നില്ല. ആ പരിപ്പ് ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാൻ ആരു പറഞ്ഞു എന്ന് അദ്ദേഹം ചോദിക്കുന്നു. ആരെയാണ് നിങ്ങളുദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഈ നാട്ടിൽ അന്തസ്സോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ പറയാൻ കഴിയുന്നവർ തന്നെയാണ് തങ്ങൾ. ആരോടും അപമര്യാദയായി പെരുമാറലുമില്ല. അതിന്റെയാവശ്യവുമില്ല, അത് മനസ്സിലാക്കാനാവണം. മെല്ലെ ഒന്ന് തോണ്ടിക്കളയാമെന്ന് വെച്ചാൽ ആ തോണ്ടലൊന്നും ഏശില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

