എംഡിഎംഎയുമായി പിടിയിലായ പ്രതികള്‍ നടത്തിയത് 925 ഇടപാടുകള്‍; വിദ്യാര്‍ഥികളും ലഹരി വലയിലെന്ന് എക്‌സൈസ്‌

തൃശൂര്‍: കയ്പമംഗലത്ത് എംഡിഎംഎയുമായി പിടിയിലായ പ്രതികളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ഉപയോക്താക്കളുടെ പട്ടികയും ഓണ്‍ലൈന്‍ പണമിടപാടുകളും വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 925 ഇടപാടുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി. പട്ടികയിലുള്ളവര്‍ ആരൊക്കെ, ലഹരി വിമോചന ചികിത്സ ആവശ്യമുള്ളവര്‍ എത്ര, ഇതില്‍ വിദ്യാര്‍ഥികളെത്ര തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താന്‍ എക്‌സൈസ് നാളെ മുതല്‍ ശ്രമം തുടങ്ങും. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം, 188 പേരുകള്‍ പട്ടികയിലുള്ളതില്‍ 5 മുതല്‍ 10% വരെ വിദ്യാര്‍ഥികളാണെന്നത് ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ ദിവസം വാഹനത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ 15.2 ഗ്രാം എംഡിഎംഎയുമായി ചെന്ത്രാപ്പിന്നി ഏറെക്കാട്ടുപുരയ്ക്കല്‍ ജിനേഷ് (31), കയ്പമംഗലം തോട്ടുങ്ങല്‍ വിഷ്ണു (25) എന്നിവരാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. എംഡിഎംഎ ഉപയോക്താക്കളുടെ പേരുകളുടെ പട്ടിക ഇവരില്‍ നിന്നു കണ്ടെടുത്തിരുന്നു. 25 വയസ്സുവരെ പ്രായമുള്ളവരാണ് ഇവരില്‍ കൂടുതലും. ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകള്‍ വഴിയാണ് പണമിടപാട്.

കേസ് അന്വേഷിക്കാന്‍ തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.