ഗവർണറുമായുള്ള പോരാട്ടം; സംസ്ഥാന സർക്കാരിന് പിന്തുണയുമായി കെ സി വേണുഗോപാൽ

തിരുവനന്തപുരം: 9 സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന നിർദ്ദേശത്തിൽ ഗവർണർക്ക് പിന്തുണ അറിയിക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത. വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന സർക്കാരിനാണ് പിന്തുണ നൽകിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരുടെ നിലപാടുകളിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് കെ സി വേണുഗോപാലിനുള്ളത്. ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനിൽക്കെത്തന്നെ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽപ്പോലും ചോദ്യം ചെയ്യേണ്ടതാണ്. കേരളത്തിലെ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരിൽ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തിൽ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസർക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവർണർ വഴിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച്ച 11.30-ന് മുൻപ് ഒമ്പത് സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അത് എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.