ലണ്ടന്: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് എന്ന ഇന്ത്യന് വംശജന് എത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ബ്രിട്ടനെ ഭരിക്കാനുള്ള നിയോഗം വന്നു വീണത് ഏതെങ്കിലും ഒരു ഇന്ത്യന് വംശജനല്ല, മറിച്ച് ഭാരതീയത നെഞ്ചേറ്റി ലാളിക്കുന്ന യഥാര്ത്ഥ ഇന്ത്യന് തന്നെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം ബ്രിട്ടനെ നയിക്കാന് എത്തുമ്ബോള് ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാന് ഏറെയുണ്ട്.
പഞ്ചാബിലെ ഉള്നാടന് ഗ്രാമത്തില് നിന്നും കിഴക്കന് ആഫ്രിക്കയിലേക്ക് കുടിയേറിയവരായിരുന്നു ഋഷിയുടെ മാതാപിതാക്കളുടെ കുടുംബങ്ങള്. അദ്ദേഹത്തിന്റെ പിതാവ് യശ്വീര് സുനാക് ജനിക്കുന്നത് കെനിയയില് ആണ്. മാതാവ് ഉഷയുടെ ജനനം ടാന്ഗാന്യികയിലും. 1960 കളില് ആയിരുന്നു ഇരുവരുടെയും കുടുംബങ്ങള് കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുറിയേറുന്നത്. ബ്രിട്ടനില് പഠിച്ചു വളര്ന്ന യശ്വീര് സുനാക് എന് എച്ച് എസില് ഒരു ജനറല് പ്രാക്ടീഷണര് ആയി. അമ്മ ഒരു ഫാര്മസി നടത്തുകയായിരുന്നു. 1980-ല് മൂത്ത മകനായിട്ടായിരുന്നു ഋഷിയുടെ ജനനം. സഞ്ചയ്, രാഖി എന്നീ സഹോദരങ്ങള് കൂടിയുണ്ട്. അതേസമയം, താന് നൂറു ശതമാനം ബ്രിട്ടീഷുകാരന് ആണെന്നാണ് ഒരിക്കല് ഒരു അഭിമുഖത്തില് ഋഷി തന്നെ പറഞ്ഞത്. എന്നാല്, മാതാപിതാക്കളില് നിന്നും പകര്ന്നു കിട്ടിയ സംസ്കാരവും പൈതൃകവും ഒരിക്കലും കൈവിട്ടു കളയുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹാംപ്ഷയറിലായിരുന്നു ഋഷിയുടെ സ്കൂള് വിദ്യാഭ്യാസം. പിന്നീട് വിന്ചെസ്റ്റര് കോളേജിലും പഠനം നടത്തി. ഓക്സ്ഫോര്ഡിലെ ലിങ്കണ് കോളേജില് ഫിലോസഫി പൊളിടിക്സ്, എക്കണോമിക്സ് വിഷയങ്ങളില് പഠനം തുടര്ന്ന ഋഷി 2001 -ല് ബിരുദധാരിയായി. കാലിഫോര്ണിയയിലെ സ്റ്റാന്ഫൊര്ഡ് യൂണിവേഴ്സിറ്റിയില് എം ബി എ പഠനത്തിനെത്തിയപ്പോഴാണ് ഇന്ഫോസിസിന്റെ സഹസ്ഥാപകനായ എന് ആര് നാരായണ മൂര്ത്തിയുടെ മകള് അക്ഷതയെ കണ്ടുമുട്ടുന്നതും 2009-ല് ബാംഗ്ലൂരില് വെച്ച് ഇരുവരും വിവാഹിതരാവുന്നതും. 2014- ല് വെന്ഡി മോര്ട്ടണെ പിന്തള്ളിക്കൊണ്ട് ഋഷി സുനാക് റിച്ച്മോണ്ട് നിയോജകമണ്ഡലത്തില് നിന്നുള്ള കണ്സര്വേറ്റീവ് സ്ഥാനാര്ത്ഥിയായി രാഷ്ട്രീയത്തിലെത്തുന്നത്. 2019- ലെ തെരഞ്ഞെടുപ്പില് ബോറിസ് ജോണ്സന്റെ സ്ഥാനാര്ത്ഥിത്തത്തെ പിന്താങ്ങിയ ഋഷി അദ്ദേഹത്തിന്റെ സര്ക്കാരില് ചാന്സലര് പദവിയില് എത്തി. എങ്കിലും സാമ്ബത്തിക നയത്തിന്റെ കാര്യത്തില് ഇരുവര്ക്കുമിടയില് അഭിപ്രായ വ്യത്യാസങ്ങള് ധാരാളം ഉണ്ടായിരുന്നതായി റിപ്പോര്ട്ടുകള് പുറത്തു വന്നു. ബോറിസ് ജോണ്സന് പാര്ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്ന വാര്ത്ത വന്നതോടെ പാര്ട്ടിയിലെ വിഭാഗീയതയെ തുടര്ന്ന് ഋഷി സുനക് രാജിവെച്ചു. തുടര്ന്ന് നിരവധി മന്ത്രിമാര് രാജി സമര്പ്പിക്കുകയും അത് ബോറിസ് ജോണ്സന്റെ പതനത്തിനു കാരണമാവുകയും ചെയ്തു. ശേഷം ജനപ്രിയ നയങ്ങള് പ്രഖ്യാപിച്ചു കൊണ്ട് ലിസ് ട്രസ്സ് പ്രധാനമന്ത്രിയായി. എന്നാല്, ലിസിന്റെ നയങ്ങള് മുത്തശ്ശിക്കഥപോലെ കേള്ക്കാന് രസമുള്ളതും തികച്ചും അപ്രായോഗികമായതുമാണെന്ന് ഋഷി പറഞ്ഞിരുന്നു. അത് സത്യമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.
ഇപ്പോഴിതാ വീണ്ടും ഒരു മത്സരം കൂടി വരുമ്പോള് ബോറിസ് ജോണ്സന് മത്സരത്തില് നിന്നും പിന്വാങ്ങുകയും മറ്റൊരു എതിരാളിയായ പെന്നീ മോര്ഡാന്റിന്, നോമിനേഷന് സമര്പ്പിക്കുന്നതിന് ആവശ്യമായ 100 എം പിമാരുടെ പിന്തുണ ഇനിയും ലഭിക്കാതെ വരികയും ചെയ്തിരിക്കുന്നു. ഇതോടെ ഇനി ഈ ഇന്ത്യന് വംശജന് തന്നെ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് ഉറപ്പായിരിക്കുന്നു.

