ഋഷിയോ ബോറിസോ? ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനം ആര്‍ക്ക്?

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് 125 എംപിമാരുടെ പരസ്യ പിന്തുണയുമായി ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിന്. സ്ഥാനാര്‍ഥിത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതോടെ മല്‍സര രംഗത്ത് ഋഷി ഉണ്ടാകുമെന്ന് ഉറപ്പായി.

അതേസമയം, സ്ഥാനാര്‍ഥിത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നൂറു പേരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. 55 എംപിമാരുടെ പിന്തുണ ഇതിനോടകം ലഭിച്ചു കഴിഞ്ഞ ബോറിസിന് നൂറു തികയ്ക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി പദത്തിലേക്ക് മുന്‍ പ്രധാനമന്ത്രിയും മുന്‍ ചാന്‍സിലറും തമ്മിലുള്ള മല്‍സരം ഉറപ്പാകും.

എന്നാല്‍, സ്ഥാനാര്‍ഥിത്വം പരസ്യമായി പ്രഖ്യാപിച്ചു രംഗത്തുള്ള ഹൗസ് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡന്റിന് 23 എംപിമാരുടെ പരസ്യ പിന്തുണയേ നിലവില്‍ ഉള്ളൂ. മല്‍സരിക്കാന്‍ ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ഇടയ്ക്ക് പിന്മാറി ഇവര്‍ ബോറിസിനോ ഋഷിക്കോ പിന്തുണ നല്‍കാനുള്ള സാധ്യതയാണ് ഏറെയും.