ബംഗളൂരുവിനെ മുട്ടുകുത്തിച്ച് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്സിക്കെതിരെ ഹൈദരാബാദ് എഫ്സിക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം.

ഹൈദരാബാദിന്റെ സമ്ബൂര്‍ണാധിപത്യം കണ്ട മത്സരത്തില്‍ ബര്‍ത്തളൊമ്യൂ ഒഗ്ബെച്ചെയാണ് ഗോള്‍ നേടിയത്. ജയത്തോടെ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റുള്ള ബംഗളൂരു നാലാമതാണ്. സുനില്‍ ഛേത്രിയുടെയും സംഘത്തിന്റേയും ആദ്യ തോല്‍വിയാണിത്.

ഹൈദരാബാദിന്റെ ഗ്രൗണ്ടില്‍ ഹോം ടീമിന്റെ സമ്ബൂര്‍ണാധിപത്യമായിരുന്നു. എന്നാല്‍ ഗോള്‍ നേടാന്‍ 83-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബോര്‍ജ ഹെരേരയുടെ കോര്‍ണര്‍ കിക്കാണ് ഗോളിന് വഴിവച്ചത്. കിക്ക് കയ്യിലൊതുക്കുന്നതില്‍ ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിന് പിഴവ് സംഭവിച്ചു. മുതലെടുത്ത ഒഗ്ബെച്ചെ ഹെഡ് ചെയ്തു വല കുലുക്കി. ഏഴ് മിനിറ്റ് സമയം ബാക്കിയുണ്ടായിരുന്നെങ്കിലും തിരിച്ചടിക്കാന്‍ ബംഗളൂരുവിന് സാധിച്ചില്ല.