എൻഡോസൾഫാൻ ഇരകളുടെ ചികിത്സ: നവംബർ 25-നകം റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നവംബർ 25-നകം കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള ചികത്സാസൗകര്യം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം കൈമാറേണ്ടത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

എൻഡോസൾഫാൻ ബാധിതരുടെ എല്ലാ ചികത്സാ കേന്ദ്രങ്ങളും സന്ദർശിച്ച് സൗകര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നായിരുന്നു കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയ്ക്ക് സുപ്രീം കോടതിനൽകിയിരുന്ന നിർദ്ദേശം. ഓഗസ്റ്റ് പതിനെട്ടിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നത്. ആറ് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതുവരെയും ഈ റിപ്പോർട്ട് കൈമാറിയിട്ടില്ല. തുടർന്നാണ് റിപ്പോർട്ട് കൈമാറാനുള്ള നിർദ്ദേശം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് കൈമാറാൻ നിർദ്ദേശിച്ചത്.

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 38 പഞ്ചായത്തുകളിലും മൂന്ന് മുൻസിപ്പാലിറ്റികളിലും പാലിയേറ്റിവ് കെയർ യൂണിറ്റുകൾ പ്രവർത്തിക്കുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ജില്ലയിലുള്ള ചികത്സാ സൗകര്യങ്ങൾ പലതും അപര്യാപതമാണെന്നാണ് ഇരകൾ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.