തിരുവനന്തപുരം: കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2017 ലെ ആദ്യ നിയമനവും ഒറ്റ പേര് അടിസ്ഥാനമാക്കിയായിരുന്നുവെന്നും രേഖകളിൽ പറയുന്നു. യുജിസി മാനദണ്ഡം അനുസരിച്ചുള്ള പാനൽ ഇല്ല. 2017 ലെ കണ്ണൂർ വിസി നിയമനത്തിലെ മിനുട്സ് പുറത്തു വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വായിച്ച ശേഷമാണ് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. വിസി നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വിസിമാരുടെ ഭാവിയിൽ ആശങ്ക നിലനിൽക്കെയാണ് ഗവർണറുടെ പ്രതികരണം.
സുപ്രീം കോടതിയുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ വി സിമാർക്കെതിരെ നടപടിയിലേക്ക് കടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള വിസി നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നേരത്തെ ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. വിസിമാരുടെ നിയമനത്തിനെതിരെ പരാതി നൽകിയവർ കെടിയു വിധി തുടർ നിയമപോരാട്ടത്തിന് ഉപയോഗിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

