വിനോദ നികുതി വിഷയം; കൊച്ചി കോര്‍പ്പറേഷനെതിരെ ബ്ലാസ്റ്റേഴ്സ്‌

കൊച്ചി: ഐഎസ്എല്‍ വിനോദ നികുതിയുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്റെ നടപടി കോടതി അലക്ഷ്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ്. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുള്‍പ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് കോര്‍പ്പറേഷനെതിരെ ബ്ലാസ്റ്റേഴ്സ് രംഗത്തെത്തിയിരിക്കുന്നത്.

‘രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുള്‍പ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് (No. 123/2017) ഇറക്കിയിരുന്നു(24/06/2017). പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഇതിനുപുറമെ ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിന് വിനോദ നികുതി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ റിട്ട് പെറ്റീഷനും നിലവിലുണ്ട്. അത് പ്രകാരം കൊച്ചി നഗരസഭ ഐഎസ്എല്‍ ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട വിനോദ നികുതി ഒടുക്കുന്നതിനായി നല്‍കിയിട്ടുള്ള നോട്ടീസും മറ്റ് നടപടികളും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവും WP(C) No.1468/2020(G) പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിനോദ നികുതി ഒടുക്കുന്നതുമായ ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവിനും ഇത് സംബന്ധിച്ച് ബാധകമായ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിരുദ്ധമായിട്ടാണ് കൊച്ചി കോര്‍പ്പറേഷന്‍ നിലവില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നോട്ടീസ് അയച്ച കോര്‍പ്പറേഷന്‍ നടപടി കോടതിയലക്ഷ്യവും നിയമപരമായി നില നില്‍ക്കാത്തതുമാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കോര്‍പ്പറേഷന് രേഖാമൂലം മറുപടി നല്‍കുകയും നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്’- കേരള ബ്ലാസ്‌റഅറേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് വിനോദനികുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ കഴിഞ്ഞദിവസമാണ് മാനേജ്മെന്റിന് നോട്ടീസ് നല്‍കിയത്.