തൊടുപുഴ: എം.എം മണി ഉളള പാര്ട്ടിയില് തുടരാന് ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ദേവികുളം മുന് എം.എല്.എ എസ്.രാജേന്ദ്രന്.
‘പാര്ട്ടി അംഗത്വം പുതുക്കാന് ആലോചിക്കുന്നില്ല. തല്ക്കാലം മറ്റൊരു പാര്ട്ടിയിലേക്കും പോകാന് ഉദ്ദേശിക്കുന്നുമില്ല. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും എന്നോടൊപ്പമുളളവരെ കളളക്കേസില് കുടുക്കാനും എം.എം മണി അടക്കമുള്ളവര് ശ്രമിക്കുന്നു’- രാജേന്ദ്രന് പറഞ്ഞു.
അതേസമയം, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ഥിയെ പരാജയപ്പെടുത്താന് ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്ന്ന് സിപിഎം രാജേന്ദ്രനെ സസ്പെന്ഡ് ചെയ്തിരുന്നു. സസ്പെന്ഷന് കാലാവധി അവസാനിക്കാനിരിക്കെ രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നുള്ള എം.എം മണിയുടെ പ്രസംഗം പുറത്ത് വന്നതോടെയാണ് മണിയുള്ള പാര്ട്ടിയില് തുടരാന് ആഗ്രഹമില്ലെന്ന രാജേന്ദ്രന്റെ പ്രസ്താവന.

