സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ വാക്സിന്റെ നിര്‍മ്മാണം 2023-ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ വാക്സിന്റെ നിര്‍മ്മാണം 2023 -ല്‍ ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ക്വാഡ്രിവാലന്റ് ഹ്യമന്‍ പാപ്പിലോ വൈറസ്-എച്ച്പിവി’ സെര്‍വാവാക്’ എന്ന പേരിലാകും വാക്സിന്‍ വിപണിയിലെത്തുക. എന്നാല്‍, വാക്‌സിന്റെ കയറ്റുമതിയ്ക്കായി 2024 വരെ കാത്തിരിക്കണമെന്നും, കയറ്റുമതിയ്ക്ക് ആവശ്യമായ നടപടികള്‍ പൂര്‍ത്തികരിച്ചതായും എസ്ഐഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനാവാല വ്യക്തമാക്കി.

അതേസമയം, യൂണിസെഫ് വഴി എച്ച്പിവി വാക്സിന്റെ അഭാവമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാകും ഇന്ത്യയുടെ തദ്ദേശീയ വാക്സിനുകള്‍ കയറ്റി അയക്കുക. ആദ്യഘട്ടത്തില്‍ 70 ദശലക്ഷം ഡോസുകളാകും നിര്‍മ്മിക്കുക. തുടര്‍ന്ന് പ്രതിവര്‍ഷം 150 മുതല്‍ 200 ദശലക്ഷം ഡോസ് വാക്സിനുകള്‍ നിര്‍മ്മിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. എച്ച്പിവി വാക്‌സിനുകളുടെ ഗാര്‍ഹിക ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതിയും കമ്ബനിക്ക് ലഭിച്ചിട്ടുണ്ടെന്നും പൂനവാല അറിയിച്ചു.