ആംബുലന്‍സിന് വഴി കൊടുത്തില്ലെങ്കില്‍ കനത്ത പിഴ; നിയമ ഭേദഗതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ ആംബുലന്‍സ്, അഗ്‌നിരക്ഷാ സേന എന്നിവയുടെ വാഹനങ്ങള്‍ക്ക് വഴി കൊടുത്തില്ലെങ്കില്‍ കനത്തപിഴ ചുമത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മോട്ടോര്‍വാഹന നിയമം ഭേദഗതിചെയ്തു. പതിനായിരം രൂപയാണ് പിഴ കൊടുക്കേണ്ടി വരിക. 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്തതിന്റെ ചുവടുപിടിച്ചാണ് തമിഴ്‌നാട്ടിലും നിയമഭേദഗതി വരുത്തിയത്.

അതേസമയം, അപകടം വരുത്തുന്നരീതിയില്‍ വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കും പുകയും ശബ്ദവും വെളിച്ചവും കൂട്ടി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പെര്‍മിറ്റില്ലാത്ത വാഹനമോടിക്കുന്നവര്‍ക്കും അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്കും പതിനായിരം രൂപ തന്നെയാണ് പിഴ ചുമത്തുക.

ഭേദഗതി അറിയാം

രജിസ്‌ട്രേഷനില്ലാത്ത വാഹനം നിരത്തിലിറക്കിയാല്‍ 5,000 രൂപ പിഴ.

ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചാല്‍ ആദ്യതവണ ആയിരം രൂപയും രണ്ടാം തവണ 4,000 രൂപ.

ലോറികളില്‍ അധികഭാരം കയറ്റിയാല്‍ 20,000 രൂപ.

യാത്രാവാഹനങ്ങളില്‍ അനുവദിച്ചതില്‍ കൂടുതലായി കയറുന്ന ഓരോ യാത്രക്കാരനും 200 രൂപ പിഴ.

സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപ.

വാഹനപരിശോധനയില്‍ രേഖകള്‍ കൈവശമില്ലെങ്കില്‍ 500 രൂപ, ആവര്‍ത്തിച്ചാല്‍ 1,500 രൂപ.

ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപയും കണ്ടക്ടര്‍ ലൈസന്‍സില്ലെങ്കില്‍ 10,000 രൂപയും വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ ഒരുലക്ഷം രൂപയും പിഴയായി നല്‍കണം.