ടിവി ചാനലുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി ഇല്ലെന്ന് കേന്ദ്രം

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം. വെള്ളിയാഴ്ചയാണ് കേന്ദ്രം ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശ, ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ കേസിലെ സുപ്രീംകോടതി വിധി, നിയമ മന്ത്രാലയത്തിന്റെ നിയമോപദേശം എന്നിവ കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം, നിലവിലെ ചാനലുകള്‍ പ്രസാര്‍ ഭാരതിയ്ക്ക് കീഴില്‍ ക്രമപ്പെടുത്തണമെന്നും, 2023 ഡിസംബര്‍ 31 ന് മുന്‍പ് നടപടി പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ടെലിവിഷന്‍ ചാനലുകളുടെ പ്രക്ഷേപണം തുടരുന്നതിനായി ചില ഇളവുകള്‍ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐപിടിവി, തമിഴ്നാട് സര്‍ക്കാരിന്റെ കല്‍വി ടിവി, അരസു കേബിള്‍ മുതലായവയെ നേരിട്ട് ബാധിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.