തേനീച്ച, കടന്നല്‍ എന്നിവയുടെ കുത്തേറ്റ് മരിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം; പരിക്കേറ്റാല്‍ 1 ലക്ഷം രൂപ

തിരുവനന്തപുരം: തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സക്ക് ചിലവാകുന്ന തുകയില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍, പട്ടികവര്‍ഗത്തില്‍ പെടുന്നവര്‍ക്ക് ചികിത്സാ ചിലവ് മുഴുവനും ലഭിക്കും. സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നല്‍കുക.

വനത്തിനുള്ളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും വനത്തിന് പുറത്താണെങ്കില്‍ രണ്ടു ലക്ഷവുമാണ് നിലവില്‍ നഷ്ടപരിഹാരം നല്‍കി വരുന്നത്. വന്യജീവി ആക്രമണത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ട് ലക്ഷമാണ് നല്‍കി വരുന്നത്. എന്നാല്‍, വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നയാള്‍ കുറ്റവാളിയെങ്കില്‍ നഷ്ടപരിഹാരം നല്‍കില്ല.

അതേസമയം, 1980ലെ കേരള റൂള്‍സ് ഫോര്‍ പെയ്‌മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2 എ ല്‍ വന്യമൃഗം എന്ന നിര്‍വ്വച പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നതിന് നല്‍കി വരുന്ന നഷ്ടപരിഹാരം തന്നെയാണ്‌ കടന്നലോ തേനീച്ചയോ മൂലം ജീവഹാനി സംഭവിച്ചാലും ഇനി നല്‍കുക.