തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയൊന്പതാം പിറന്നാള്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം നിരവധി പേരാണ് വി എസിന് പിറന്നാള് ആശംസകള് നേര്ന്നത്. ‘തൊണ്ണൂറ്റിയൊന്പതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വി.എസിന് ഹൃദയം നിറഞ്ഞ ആശംസകള്’- എന്നാണ് വി എസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കില് കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് വിഎസിന് ആശംസകളറിയിച്ചിരിക്കുന്നത്.
ആലപ്പുഴ പുന്നപ്ര പറവൂര് വെന്തലത്തറ വീട്ടില് ശങ്കരന്റെയും കാര്ത്ത്യായനിയുടെയും മകനായി 1923 ഒക്ടോബര് 20നാണ് വി എസിന്റെ ജനനം. നാലാം വയസ്സില് വിടപറഞ്ഞ അമ്മയും 11 ആം വയസ്സില് തനിച്ചാക്കി മടങ്ങിയ അച്ഛനും. സഹോദരന്റെ തണലില് തയ്യല് കടയിലും പിന്നീട് കയര് ഫാക്ടരിയിലും തൊഴിലെടുത്തു. അവിടെ തുടങ്ങുന്നു വി എസ് എന്ന കമ്മ്യുണിസ്റ്റിന്റെ രാഷ്ട്രീയ ജീവിതം. കുട്ടനാട്ടിലെ കര്ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച്, അവരിലേക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങള് സന്നിവേശിപ്പിക്കാനുള്ള ദൗത്യമാണ് വി എസിനെ പാര്ട്ടി ഏല്പിച്ചത്.
പുന്നപ്ര-വയലാര് സമരവുമായി ബന്ധപ്പെട്ട ഒളിവ് ജീവിതവും, പൊലീസ് ലോക്കപ്പുകളില് ഏറ്റ കൊടിയ മര്ദ്ദനവും കാലം കോറിയിട്ട ചരിത്ര സാക്ഷ്യങ്ങളാണ്. ജീവിക്കാന് പെടാപ്പാട് പെടുന്ന സാധാരണക്കാരന് വേണ്ടി അന്നു തുടങ്ങിയതാണ് വി എസിന്റെ പോരാട്ടം. ജീവന് വെടിഞ്ഞെന്ന് കരുതി സര് സി പി യുടെ പോലീസ് ഉപേക്ഷിച്ച കുറ്റികാട്ടില് നിന്നും തലമുറകളിലേക്ക് വിപ്ലവവീര്യത്തിന്റെ വിത്തെറിയാനുള്ള നിയോഗവുമായി ഉയിര്ത്തെണീറ്റു വി എസ്. 1940 ല് കമ്മ്യുണിസ്റ്റ് പാര്ട്ടി അംഗമായി. തൊഴിലാളികളും പാവപ്പെട്ടവരുമടക്കം സമൂഹത്തിന്റെ പരിച്ഛേദം അദ്ദേഹത്തെ നെഞ്ചേറ്റിയതും, സമാനതകളില്ലാത്ത ആ ത്യാഗങ്ങളുടെ പേരിലാണ്.
1952-ല് അവിഭക്ത കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ആലപ്പുഴ ഡിവിഷന് സെക്രട്ടറിയും, 56-ല് ജില്ലാ സെക്രട്ടറിയുമായി. 1959-ല് ദേശീയ കൗണ്സില് അംഗം. 1964-ല് കമ്യൂണിസ്റ്റ് പാര്ട്ടി പിളര്ന്നപ്പോള് സി.പി.എം പക്ഷത്ത് ഉറച്ച വി.എസ്, സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായി. 1967-ല് അമ്ബലപ്പുഴ മണ്ഡലത്തില് നിന്ന് ആദ്യമായി നിയമസഭയില്. 70 ലും മണ്ഡലം നിലനിര്ത്തി. 1991-ല് മാരാരിക്കുളത്തും 2001, 2006, 20111, 2016 തിരഞ്ഞെടുപ്പുകളില് മലമ്ബുഴയിലും വിജയം കണ്ടു. 1980 മുതല് 1991 വരെ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി. പാര്ട്ടി പി.ബി അംഗവുമായി. 2006 മുതല് 11 വരെ മുഖ്യമന്ത്രി. 2016 മുതല് 21 വരെ ഭരണ പരിഷ്കാര കമ്മീഷന് അദ്ധ്യക്ഷനായും പ്രവര്ത്തിച്ചു. സി പി ഐ എം രൂപീകരണത്തിന് ഇറങ്ങിതിരിച്ച 32 പേരില് ജീവിച്ചിരിക്കുന്ന ഒരേ ഒരു സഖാവ്. ആരോഗ്യം അനുവദിച്ചിടത്തോളം കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില് കാലുറപ്പിച്ചു നിന്നു വി എസ്…99 ന്റെ നിറവില് സമരജീവിതത്തിന് ജന്മദിനാശംസകള്.

