ന്യൂഡൽഹി: മരട് ഫ്ളാറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. മരടിൽ തീരദേശ ചട്ടം ലംഘിച്ച് നിർമിക്കുകയും പിന്നീട് പൊളിച്ച് മാറ്റുകയും ചെയ്ത ഫ്ളാറ്റുകൾ വാങ്ങിയവരും നിർമ്മാതാക്കൾ, അധികൃതർ എന്നിവരെ പോലെ തന്നെ തുല്യ ഉത്തരവാദികളാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മരട് മുനിസിപ്പാലിറ്റിയിലെ തീരദേശ ചട്ടം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ വാങ്ങിയവരുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്ളാറ്റുകൾ വാങ്ങിയവർ നിരക്ഷരരല്ലല്ലോ എന്നും അവർ അധ്വാനിച്ചുണ്ടാക്കിയ പണം എവിടെയാണ് ചെലവഴിക്കുന്നതെന്ന് ചിന്തിക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഫ്ളാറ്റ് വാങ്ങിയവർ നിരക്ഷരരായിരുന്നില്ല. വീട് വാങ്ങുന്നവരുടെ ഉത്തരവാദിത്തം എന്താണെന്നും കോടതി ചോദിച്ചു. ഒരു ബിൽഡർ വീടുകൾ നിർമ്മിക്കുന്നു എന്നതുകൊണ്ട് മാത്രം എവിടെ നിന്നും വീട് വാങ്ങണോ. നമ്മൾ എല്ലാവരുടെയും താത്പ്പര്യങ്ങൾ പരിഗണിക്കണമെന്നും കോടതി അറിയിച്ചു.
2020 ജനുവരി 11, 12 തീയതികളിലാണ് മരട് ഫ്ളാറ്റ് പൊളിക്കാൻ നിർദേശം നൽകിയത്. ജനുവരി 11ന് ആൽഫ ഇരട്ട ടവറുകൾ, ഹോളി ഫെയ്ത്ത് എന്നിവയാണ് പൊളിച്ചത്. 12 ന് ഗോൾഡൻ കായലോരം, ജയിൻ എന്നീ ഫ്ളാറ്റുകളും പൊളിച്ചു.

