തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദേശ സന്ദർശനം അർഥവത്തായിരുന്നെന്നും കേരളത്തിന് ഗുണകരമായ നിരവധി തീരുമാനങ്ങൾ അവിടെ ഉണ്ടായെന്നുമുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. പക്ഷെ, സർക്കാർ ചെലവിൽ വിദേശയാത്ര നടത്തുമ്പോൾ സംസ്ഥാനത്തിന് അതിലൂടെ എന്ത് നേട്ടമാണ് ഉണ്ടായതെന്ന പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. നാളെയുടെ പദാർത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഗ്രഫീൻ ഇന്നവേഷൻ സെന്റർ തുടങ്ങാൻ കേരളം തീരുമാനിച്ചെന്ന് 2022 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രഫീൻ പദ്ധതി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെന്റർ ഫേർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക് ടെക്നോളജിയും ചേർന്ന് നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഇക്കാര്യത്തിൽ ഒരു നടപടിയും ഇതുവരെയുണ്ടായില്ല. ഈ പദ്ധതി എന്തായെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്കും സോഷ്യൽ വർക്കർമാക്കും യു.കെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ നടത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, ആദ്യം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് യു.കെയും കേരളവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടെന്നാണ്. ഇപ്പോൾ അത് മാറ്റി യു.കെയിലെ ഹംബർ ആൻഡ് നോർത്ത് യോക്ക് ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പുമായി നോർക്ക റൂട്ട്സ് ധാരണാപത്രം ഒപ്പ് വച്ചെന്നു പറയുന്നു. ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പ് എന്നത് ജൂലൈ ഒന്ന് മുതൽ യു.കെയിൽ നിയമം മൂലം നിലവിൽ വന്ന സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണ്. അല്ലാതെ ഇത് യു.കെ സർക്കാരല്ല. ഈ സ്ഥാപനത്തിലൂടെ ആരെയും ജോലിക്ക് അയക്കാൻ കഴിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ഹിന്ദുജ ഗ്രൂപ്പുമായി ലണ്ടനിൽ വച്ച് സംസാരിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്പനിയാണ്. അവരുമായി ചർച്ച നടത്താൻ ലണ്ടനിൽ പോകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മുൻപും നിരവധി വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. 2019 മേയിൽ നെതർലൻഡ് സന്ദർശിച്ച മുഖ്യമന്ത്രി റൂം ഫോർ റിവർ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. അതിന് പകരമായി കേരളത്തെ വെള്ളത്തിൽ മുക്കിക്കൊല്ലുന്ന സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

