ബംഗളൂരു: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരാണ് ഖാർഗെയ്ക്ക് അഭിനന്ദനം അറിയിച്ചത്. കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ നിർദേശങ്ങൾ പുതിയ അധ്യക്ഷന് ആവശ്യമില്ലെന്നും രാഹുൽ അറിയിച്ചു. കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.
ശശി തരൂരും ഖർഗേയും മിടുക്കരാണ്. കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതേസമയം, ശശി തരൂരിന് കിട്ടിയ വോട്ടുകൾ പാർട്ടിയിലെ നവീകരണത്തിന്റെ സൂചനയാണെന്ന് കാർത്തി ചിദംബരം പ്രതികരിച്ചു. ഉദയ്പൂർ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുമെന്നും ഖർഗെക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.
ഖർഗേയുടെ നേത്യത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രതികരണം. മല്ലികാർജുൻ ഖർഗെയെ ഹൃദയപൂർവം അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഖർഗേയ്ക്ക് അഭിനന്ദനം അറിയിക്കുന്നതായും ശശി തരൂരിന്റെ വോട്ട് ശതമാനം പ്രാധാന്യമുള്ളതാണ് എന്ന് എം.കെ.രാഘവൻ എംപി ചൂണ്ടിക്കാട്ടി.

