വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം; റോഡുകളിലെ തടസ്സം നീക്കണമെന്ന ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള റോഡുകളിലെ തടസ്സങ്ങളടക്കം മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ എന്ത് സാഹചര്യമാണെങ്കിലും നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.

അതേസമയം, ഇടക്കാല ഉത്തരവുണ്ടായിട്ടും സമരപ്പന്തല്‍ പൊളിച്ചു മാറ്റാന്‍ പോലീസിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു. എന്നാല്‍, ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാല്‍ മരണം വരെ സംഭവിക്കാമെന്നും ക്രമസമാധാനം ഉറപ്പാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റോഡ് ഉപരോധത്തിന്റെ കാര്യത്തില്‍ കോടതിയെ പഴിചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് തീരദേശവാസികള്‍ എതിരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണജനകമെന്ന് ലത്തീന്‍ അതിരൂപത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ‘തീരദേശ ജനതയെ വികസനവിരോധികളായി മുദ്രകുത്താനുള്ള ശ്രമം ശരിയല്ല. ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ന്യായത്തോടെയും യാഥാര്‍ഥ്യബോധത്തോടെയും തീരുമാനം ഉണ്ടായിട്ടില്ല. ആറ് കാര്യങ്ങളില്‍ തീരുമാനമായി എന്ന് പറയുന്നത് തെറ്റിധാരണ ഉണ്ടാക്കുന്നതണ്. മത്സ്യത്തൊഴിലാളി സമരം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി മുന്നോട്ട് വരണം’- ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.