കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനായി മല്ലികാർജുന ഖാർഗെ; തരൂരിനെതിരെ സ്വന്തമാക്കിയത് വൻ വിജയം

ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനായി മല്ലികാർജുന ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. 24 വർഷത്തിന് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് കോൺഗ്രസിന് പുതിയ അധ്യക്ഷനെ ലഭിക്കുന്നത്. പോൾ ചെയ്ത 9497 വോട്ടുകളിൽ ഖാർഗെയ്ക്ക് 7897 വോട്ടുകൾ ലഭിച്ചുവെന്നാണ് വിവരം. ശശി തരൂരിന് 1072 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 416 വോട്ടുകൾ അസാധുവായി.

കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ് മല്ലികാർജുൻ ഖാർഗെ. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. നിയമസഭയിലേക്കേും ലോക്സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ഖാർഗെ ഒറ്റ തവണ മാത്രമാണ് പരാജയപ്പെട്ടത്.

1972 മുതൽ 2008 വരെ തുടർച്ചയായി ഒമ്പത് തവണ കർണാടക അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവരണ സീറ്റായ ഗുർമിത്കൽ മണ്ഡലത്തിൽ നിന്നായിരുന്നു തുടർച്ചയായ വിജയം. ഒരു തവണ ചിതാപുരിൽ നിന്ന് ജയിച്ചു. 2009 ലും 2014ലും ഗുൽബർഗയിൽ നിന്നാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവും രാജ്യസഭയിലെ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായിരുന്നു ഖാർഗെ. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കൂടിയാണ് അദ്ദേഹം.