കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; മണിച്ചനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. പിഴ അടക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കരുതെന്നും എത്രയും പെട്ടെന്ന് മണിച്ചനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നുമാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

പിഴത്തുകയായ 30.45 ലക്ഷം രൂപ മണിച്ചനെ മോചിപ്പിക്കാൻ കെട്ടിവയ്ക്കണമെന്ന് കാണിച്ച് നേരത്തെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും കാഴ്ച നഷ്ടമായവർക്കും പിഴത്തുക നൽകാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. 31 പേരാണ് ദുരന്തത്തിൽ മരിച്ചത്. ആറു പേർക്ക് കാഴ്ച നഷ്ടമായി. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്.

കേസിൽ മണിച്ചനും കൂട്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തിരുന്നില്ല.