കീവ്: യുക്രൈനിൽ സംഘർഷം മുറുകുന്നു. യുക്രൈനിലെ ജല, ഊർജ വിതരണ സംവിധാനങ്ങൾ റഷ്യ തകർത്തു. യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ ആകെ ഊർജവിതരണ സംവിധാനങ്ങളുടെ മൂന്നിലൊന്ന് റഷ്യ തകർത്തതായി അദ്ദേഹം വ്യക്തമാക്കി. ഊർജസംവിധാനങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
മഞ്ഞുകാലം അടുത്തിരിക്കെ വൈദ്യുതിയില്ലാത്തത് ജനങ്ങളെ വളരെയോറെ പ്രയാസത്തിലാക്കുമെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. കീവിലും സുമിയിലും ഡിനിപ്രോയിലുമാണ് റഷ്യ അപ്രതീക്ഷിത ആക്രമണം നടത്തിയത്. നിരവധി കെട്ടിടങ്ങളാണ് ആക്രമണങ്ങളിൽ തകർന്നത്. ഇറാൻ നൽകിയ ഡ്രോൺ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രൈൻ പ്രധാനമന്ത്രി ഡെനിസ് ഷാംഗൽ അറിയിച്ചു.
മിസൈലുകൾ വർഷിച്ച് ഊർജ വിതരണ സംവിധാനങ്ങൾ തകർക്കുമെന്ന് റഷ്യൻ പ്രസിഡന്റ് പുടിന് നേരത്തെ ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

