തിരുവനന്തപുരം: മെഡിക്കൽ സർവ്വീസ് കോർപറേഷന്റെ ഇടപാടിൽ വൻ ക്രമക്കേട്. മാസ്കിലും, പിപിഇ കിറ്റിലും മാത്രമല്ല ഗ്ലൗസ് വാങ്ങിയതിലും വൻ കൊള്ള നടന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ കടകളിൽ വിൽക്കുന്നതിലും ഇരട്ടിയിലധികം തുകയ്ക്ക് ഒരു കോടി ഗ്ലൗസുകളാണ് വാങ്ങിയത്. പകുതി തുകയായ 6 കോടി രൂപ മുൻകൂറായി നൽകിയായിരുന്നു ഇടപാട് നടത്തിയത്. എന്നാൽ പണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്ത ഗ്ലൗസിന്റെ പകുതി പോലും കമ്പനി കേരളത്തിൽ എത്തിച്ചിരുന്നില്ല.
സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്ന സമയത്ത് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത് 11 ദിവസത്തിന് ശേഷം നടന്ന കരാറിലാണ് ക്രമക്കേടുകൾ നടന്നത്. ഒരു ടെൻഡർ പോലും ക്ഷണിക്കാതെ ഒരു കോടി ഗ്ലൗസുകൾ നൽകാമെന്ന വാഗ്ദാനവുമായാണ് കമ്പനി എത്തിയത്. യുകെയിൽ നിന്ന് ഗ്ലൗസുകൾ ഇറക്കുമതി ചെയ്ത നൽകുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. 2021 മെയ് 31 ന് മെഡിക്കൽ സർവ്വീസസ് കോർപറേഷൻ കമ്പനിയ്ക്ക് പർച്ചെയ്സ് ഓർഡർ നൽകി. ഒരു കോടി വിനൈൽ നൈട്രൈൽ ഗ്ലൗസ് GST സഹിതം 12 കോടി 15 ലക്ഷം രൂപയായിരുന്നു വില. ഒരു ഗ്ലൗസിന്റെ വില 12.15 രൂപ.
ജൂൺ 16 ന് 20 ലക്ഷം ഗ്ലൗസ് എത്തി. ജൂൺ 28 ന് ബാക്കി 60 ലക്ഷം എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 21.6 ലക്ഷം മാത്രം എത്തിച്ചു. പകുതി തുക മുൻകൂർ വാങ്ങിയെങ്കിലും പകുതി പോലും എത്തിച്ചിരുന്നില്ല. ഗ്ലൗസ് വൈകിയതോടെ കേരളത്തിൽ നിന്ന് പ്രാദേശികമായി വാങ്ങി. കരാർ റദ്ദാക്കി. പക്ഷേ ഇതൊന്നും കാര്യമാക്കാതെ കമ്പനി പിന്നീട് 58.40 ലക്ഷം ഗ്ലൗസ് എത്തിച്ചെങ്കിലും ഇത് ഇപ്പോഴും KMSC ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.

