‘മോണ്‍സ്റ്ററി’ന് വിലക്ക്‌

അബുദാബി: മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. യുഎഇ ചിത്രത്തിന് ഇതുവരെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. എല്‍ജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്കെന്നാണ് സൂചന.

അതേസമയം, ലോകവ്യാപകമായി ഈ മാസം 21-ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് തിരിച്ചടി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജിസിസി രാജ്യങ്ങളില്‍ ചിത്രം റീ സെന്‍സറിങ്ങിന് നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

നിലവിലെ സാഹചര്യത്തില്‍ ചിത്രം 21-ന് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാനാകില്ല. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.