യൂണിവേഴ്‌സിറ്റിയുടെ കാര്യം പറയുമ്പോൾ ചില പിപ്പിടികൾ സർക്കാരിനെതിരെ വരും; അതൊന്നും കാര്യമാക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വകലാശാല വിഷയത്തിലാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടിയുമായി രംഗത്തെത്തിയത്. യൂണിവേഴ്‌സിറ്റിയുടെ കാര്യം പറയുമ്പോൾ ചില തർക്കങ്ങൾ ഓർക്കും. സർക്കാർ ആ മേഖലയിൽ ഇടപെടുമ്പോൾ ചില പിപ്പിടികൾ സർക്കാരിനെതിരെ വരും. അതൊന്നും കാര്യമാക്കേണ്ടെന്നും സർക്കാർ അതൊന്നും നോക്കാതെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 മുതലുള്ള സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾ അംഗീകരിച്ചു. തുടർ ഭരണം ലഭിച്ചത് അതിനാലാണ്. സർക്കാരിനെതിരെ എന്തൊക്കെ ദുഷ് പ്രചാരണങ്ങൾ ഉണ്ടായിട്ടും കൂടുതൽ സീറ്റോടെ തുടർഭരണം ലഭിച്ചു. പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

സർക്കാരിന് തുടർഭരണം ലഭിച്ചത് ഒരു സന്ദേശമാണ്. ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം സർക്കാർ നന്നായി നിർവഹിക്കും. സംസ്ഥാനത്ത് 25 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിരിക്കുകയാണ്. മധ്യവരുമാനമുള്ള രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഉയർത്തുക ലക്ഷ്യമാണ്. ജനങ്ങൾ ഇതെല്ലാം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ചിലർ ഇതൊന്നും നടക്കരുതെന്ന് കരുതുന്നു. ഇടുങ്ങിയ മനസുള്ളവരാണ് അവർ. എൽഡിഎഫ് ഭരിക്കുമ്പോൾ ഇതൊന്നും വേണ്ട എന്ന് ചിന്തിക്കുന്നു. ഇതിനായി ഏതറ്റം വരെ പോകാനും ഇടുങ്ങിയ മനസുള്ളവർ തയ്യാറാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗവർണർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും രംഗത്തെത്തിയിട്ടുണ്ട്. തന്നെ വിമർശിച്ചാൽ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവർണ്ണറുടെ ഭീഷണി ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമില്ല. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ് മന്ത്രിമാരെ നിയമിക്കാനും നീക്കാനും കഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണറുടെ പിആർഒ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ കേരള രാജ്ഭവൻ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടു എന്നത് കേരളത്തിലെ ഗവർണർ ഓർമിക്കുന്നില്ല എന്നത് അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ ഒടുവിലത്തെ ഇടപെടൽ ജനങ്ങൾക്കും ജനാധിപത്യ സംവിധാനത്തിനും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാനാകൂ. ഭരണഘടനയുടെ മർമ്മത്താണ് ഗവർണർ കുത്തിയിരിക്കുന്നത്. ജനാധിപത്യത്തിന് കളങ്കം ചാർത്തുന്ന ഇത്തരം ശ്രമങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനയുടെ അനുച്ഛേദം 163,164 എന്നിവയും സുപ്രീംകോടതി വിധികളും വായിച്ച് നിലപാട് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വെക്കുകയും സർവ്വകലാശാലകളിൽ അനാവശ്യ കൈകടത്തലുകൾ നടത്തുകയും ചെയ്യുന്നതാണോ ഭരണഘടനയുടെ അന്തസ്സ് എന്നത് ഗവർണ്ണർ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ജനങ്ങൾ തെരഞ്ഞെടുത്തവരാണ് മന്ത്രിമാർ എന്നും ജനങ്ങളോടാണ്, അല്ലാതെ കൊളോണിയൽ കാലത്തിന്റെ അവശിഷ്ടങ്ങളായ പദവികളോടല്ല ജനാധിപത്യ വ്യവസ്ഥയിൽ മന്ത്രിമാർക്ക് ഉത്തരവാദിത്തമെന്നും ഒരിക്കൽക്കൂടി അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു. അടിയന്തിരമായും പുറപ്പെടുവിച്ച ട്വീറ്റ് പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.