ഐസിപിഎസ് പ്രോഗ്രാം മാനേജർ കരാർ നിയമനം

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയുള്ള തസ്തികയിൽ നിന്നും വിരമിച്ചിട്ടുള്ളതും 60 വയസ് പൂർത്തീകരിക്കാത്തതുമായ വ്യക്തികളിൽ നിന്നും കൂടിക്കാഴ്ചയിലൂടെ കെ.എസ്.ആർ. പാർട്ട് 1 ചട്ടം 8 പ്രകാരം ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

നിയമനത്തിനായുള്ള അപേക്ഷകൾ പൂർണ്ണമായ ബയോഡാറ്റ, എ.ജിയുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട്/ പെൻഷൻ പേമെന്റ് ഓർഡർ എന്നിവ സഹിതം വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.

അതേസമയം, ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒക്ടോബർ 22നു രാവിലെ 10 മണിക്ക് ധനുവച്ചപുരം ഐ.ടി.ഐയിൽ ഇന്റർവ്യൂ നടത്തുന്നതാണ്. വെൽഡർ, വെൽഡർ (ജി.ജി) എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുള്ളത്.

ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും/ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി/എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.