അഴിമതിക്കു കൂട്ടുനിന്ന് പാര്‍ട്ടിയില്‍ തുടരാമെന്ന് ആരും കരുതേണ്ട; പി.കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ മണ്ണാര്‍ക്കാട് ഏരിയ, ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ രൂക്ഷവിമര്‍ശനം. ‘ആരും തമ്പുരാനാകാന്‍ ശ്രമിക്കേണ്ട. പാര്‍ട്ടി അറിയാതെ നടത്തിയ നിയമനങ്ങളും ഇടപാടുകളും പരിശോധിക്കും. ശരികേടുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന സമീപനമുണ്ട്. അഴിമതിക്കു കൂട്ടുനിന്നു പാര്‍ട്ടിയില്‍ തുടരാമെന്ന് ആരും കരുതേണ്ടെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു യോഗത്തില്‍ വ്യക്തമാക്കി.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്നു പാര്‍ട്ടി അനുമതിയില്ലാതെ മണ്ണാര്‍ക്കാട്ടെ സഹകരണ കോളജിനായി ഷെയറുകള്‍ സമാഹരിക്കുകയും പാര്‍ട്ടി ഭരിക്കുന്ന സ്ഥാപനങ്ങളില്‍ വേണ്ടപ്പെട്ടവരെ നിയമിക്കുകയും ചെയ്തു എന്ന പരാതികളാണ് ശശിക്കെതിരെയുള്ളത്. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നല്‍കിയെന്നാണ് പരാതി. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്ത് വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടി ഫണ്ട് വെട്ടിച്ചു, നാട്ടു ചന്തയ്ക്ക് ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് ശശിക്കെതിരെ ഉയര്‍ന്നത്.

അതേസമയം, മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും പരാതി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു തീരുമാനിച്ചത്. 21 അംഗ ഏരിയ കമ്മിറ്റിയില്‍ 16 പേര്‍ ശശിയെ പിന്തുണക്കുകയായിരുന്നു.