ഇന്ന് ലോക ട്രോമ ദിനം. മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന നിരവധി വാർത്തകളാണ് നാം നിത്യേന കേട്ടുകൊണ്ടിരിക്കുന്നത്. ആക്സിഡന്റുകളെ കുറിച്ചോ അതുമൂലമുണ്ടാകുന്ന മരണങ്ങളെ കുറിച്ചോ കേൾക്കാത്ത ദിവസങ്ങൾ ഉണ്ടായിരിക്കില്ല. ഒരുവർഷം പത്ത് ലക്ഷം ആളുകൾ മരണപ്പെടുകയും രണ്ട് കോടിയിലധികം രോഗികളെ സൃഷ്ടിക്കുകയും ചെയ്യുന്ന മഹാരോഗമാണ് ട്രോമ. ഇതിന്റെ സിംഹഭാഗവും റോഡ് അപകടങ്ങൾ മൂലവും ബാക്കിയുള്ളവ വീഴ്ചകൾ, ആക്രമണങ്ങൾ, സ്പോർട്സ്, യുദ്ധങ്ങൾ എന്നിവ മൂലവും ആണ്. ഇത്രയും മാരകമായ ഒരു വിപത്തിനെ പൂർണ്ണമായും തുടച്ചുമാറ്റുവാൻ സാധ്യമല്ലെങ്കിലും തന്മൂലമുണ്ടാകുന്ന മരണവും മാരക രോഗങ്ങളും ഒരു നല്ല ശതമാനം കുറക്കുവാൻ നമുക്ക് സാധിക്കും. അതിനായുള്ള ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോമ ദിനം ആചരിക്കുന്നത്.
ട്രോമയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ട്രോമാറ്റിക് സംഭവങ്ങളും മരണങ്ങളും അഭിസംബോധന ചെയ്യുന്നതിനുള്ള വഴികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും കൂടിയാണ് ഈ ദിനം. ട്രോമയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയാണ് കിംസ് ആശുപത്രിയിലെ എമർജെൻസി മെഡിസിൻ വിഭാഗം കൺസൾട്ടന്റ് കോർഡിനേറ്റർ ഡോ. കെ യു ഷമീം. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാം.
എന്താണ് ട്രോമ?
വാഹനാപകടങ്ങളെ മാത്രമാണ് ട്രോമ എന്നു പറയുന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിലുണ്ട്. റോഡപകടങ്ങൾ, വീഴ്ചകൾ, പൊള്ളൽ, വ്യാവസായിക അപകടങ്ങൾ, അക്രമത്തിലൂടെ ഒരാൾക്ക് പരുക്കേൽക്കുക തുടങ്ങി ട്രോമയുടെ കാരണങ്ങൾ വ്യത്യാസപ്പെടാം. വാഹനാപകടങ്ങളാണ് ട്രോമയുടെ ഒന്നാമത്തെ കാരണം. ഇരുചക്ര വാഹനങ്ങൾ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളാണ് ഇതിൽ കൂടുതലും. രണ്ടാമത്തെ കാരണം നമ്മുടെ ചെറിയ തെറ്റുകളാണ്. ഉയരങ്ങളിൽനിന്നുള്ള വീഴ്ച, വീട്ടിലോ ബാത്റൂമിലോ തെന്നി വീഴുക ഇവയെല്ലാം ട്രോമ വിഭാഗത്തിൽ പെടുന്നു. മൂന്നാമത്തെ കാരണം കായിക മത്സരങ്ങൾക്കിടയിലെ പരുക്കുകളാണ്.
ട്രോമ എപ്പോഴും സംഭവിച്ചു കൊണ്ടേയിരിക്കും. വാഹനാപകടം സംഭവിക്കുന്നതിനു മുൻപ് അതെങ്ങനെ തടയാമെന്നാണ് നാമോരുരുത്തരും ചിന്തിക്കേണ്ടത്. അതിനു പല ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. റോഡ് സേഫ്റ്റി വീക്കിലൂടെ ഇതിനെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നുണ്ട്. ജനുവരി രണ്ടാം വാരമാണ് റോഡ് സേഫ്റ്റി വീക്കായി ആചരിക്കുന്നത്. ഏറ്റവും കൂടുതൽ റോഡപകങ്ങൾ ഉണ്ടാകുന്നത് അശ്രദ്ധ മൂലമാണ്. 10 കേസുകൾ എടുത്താൽ 6 മുതൽ 8 കേസുകളും അശ്രദ്ധ മൂലം സംഭവിക്കുന്നതാണ്. അത് തടയാവുന്നതുമാണ്. മത്സരയോട്ടമാണ് ഇതിന്റെ പ്രധാന കാരണം.
അശ്രദ്ധ മൂലമുള്ള ഡ്രൈവിങ് ഒഴിവാക്കുക, ഇരുചക്ര വാഹമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക ഇവയൊക്കെ ട്രോമ മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഹെൽമറ്റ് നിർബന്ധമാക്കിയതു മുതൽ വാഹനാപകടങ്ങളെ തുടർന്ന് തലയ്ക്ക് ഉണ്ടാകുന്ന പരുക്കുകൾ ഒരുപാട് കുറഞ്ഞു. എന്നാൽ, ഇരുചക്ര വാഹനത്തിന്റെ പുറകിലിരുന്ന് സഞ്ചരിക്കുന്നവർക്കാണ് ഇപ്പോൾ തലയ്ക്കേൽക്കുന്ന പരുക്കുകൾ കൂടിയിട്ടുള്ളതെന്ന് ഡോക്ടർ പറയുന്നു. മുന്നിലിരിക്കുന്നവർ മാത്രമല്ല, പിറകിലിരിക്കുന്നവരും നിർബന്ധമായും ഹെൽമറ്റ് ധരിക്കുക. ഫോർ വീലർ അപകടങ്ങൾ ഒഴിവാക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് പിറകിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കുക എന്നതാണ്.
രാവിലെയുണ്ടാകുന്ന അപകടങ്ങളിൽ കൂടുതൽ സംഭവിക്കുന്നത് ഡ്രൈവർ ഉറങ്ങിപ്പോകുന്നതിനാലാണ്. അതിനാൽ ദീർഘദൂര യാത്രകളിൽ വിശ്രമം എടുക്കുക, ഉറക്കം അല്ലെങ്കിൽ ക്ഷീണം തോന്നുന്നെങ്കിൽ വാഹനം റോഡരികിലേക്ക് സുരക്ഷിതമായി നിർത്തി ഉറക്കം മാറ്റിയശേഷം യാത്ര തുടരുക. അതുപോലെ വഴി യാത്രക്കാർ ശ്രദ്ധയോടെ നടക്കുക. ഇതിലൂടെ ഒരു പരിധിവരെ വാഹനാപകടങ്ങളും മറ്റു കാരണങ്ങളാലുള്ള അപകടങ്ങളും തടയാനാകും.
ട്രോമ ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
- വാഹനമോടിക്കുമ്പോൾ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുക
- ബൈക്ക് / സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക
- ഫോർ വീലർ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക
- ദീർഘദൂരം വാഹനമോടിക്കുമ്പോൾ ക്ഷീണം ഒഴിവാക്കാൻ ചെറിയ ഇടവേളകൾ എടുക്കുക.
- വീട്ടിൽ/വാഹനത്തിൽ ഒരു പ്രഥമശുശ്രൂഷ സുരക്ഷാ കിറ്റ് സൂക്ഷിക്കുക
- വീട്ടിലെ കുട്ടികളും മുതിർന്നവരും വീഴാതിരിക്കാൻ ശ്രദ്ധിക്കുക.
- ആദ്യം നൽകേണ്ടത് പ്രാഥമിക ശുശ്രൂഷ
2021 ലെ ലോക ട്രോമ ദിനത്തിന്റെ തീം ‘എത്രയും പെട്ടെന്ന് ചികിത്സ നൽകാമോ, അത്രയും പെട്ടെന്ന് രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയും’ എന്നതായിരുന്നു. ലോകാരോഗ്യ സംഘടന പറയുന്നത് റോഡപകടങ്ങളെ തുടർന്നുള്ള 50 ശതമാനം മരണങ്ങളും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലാണ്. അതിൽ ഏറ്റവും പ്രധാനമായിരുന്നു പ്രാഥമിക ശുശ്രൂഷ. വാഹനാപകടം സംഭവിച്ചു കഴിഞ്ഞാൽ എന്ത് പ്രാഥമിക ശുശ്രൂഷയാണ് നൽകേണ്ടതെന്ന കാര്യത്തെക്കുറിച്ച് പൊതുജനത്തിന് ധാരണയില്ല. നമ്മുടെ രാജ്യത്ത് വികസിതമായ മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ സംവിധാനമുണ്ടായിട്ടും, ട്രോമ നേരിടുന്ന രോഗിക്ക് പ്രാഥമിക പരിചരണവും ശ്രദ്ധയും നൽകുന്നതിൽ കാലതാമസം നേരിടുന്നതിനാൽ, ദിനംപ്രതി നൂറുകണക്കിന് ജീവനുകൾ റോഡിൽ നഷ്ടപ്പെടുന്നു
പ്രധാനമായും നാലു കാരണങ്ങളാലാണ് വാഹനാപകടങ്ങളെ തുടർന്നുള്ള മരണം സംഭവിക്കുന്നത്. തലച്ചോറിനുണ്ടാകുന്ന ക്ഷതം, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, ശ്വാസകോശത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ ഏതെങ്കിലും അവയവത്തിനുണ്ടാകുന്ന പരുക്കുകൾ. ശ്വാസനാളത്തിലെ തടസം കാരണമാണ് കൂടുതൽ പേരും മരിക്കാനിടയാകുന്നത്.
വാഹനാപകടത്ത് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് അശ്രദ്ധമായി അപകടത്തിൽപെട്ടവരെ വലിച്ചിഴക്കാതിരിക്കുക. അശ്രദ്ധമായി വലിച്ചിഴക്കുമ്പോൾ സുഷ്മുന നാഡിക്ക് ക്ഷതമേൽക്കുകയും പിന്നീട് സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യും. നട്ടെല്ലിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷ കഴുത്തോ ഇടുപ്പോ ഇളക്കാതെ ശ്രദ്ധിക്കുക. അപകടത്തിൽ പരുക്കേറ്റവരെ കിടത്തി വേണം ആശുപത്രികളിൽ എത്തിക്കേണ്ടത്. ഇത് നട്ടെല്ലിനുണ്ടാകുന്ന ക്ഷതത്തിൽനിന്നും ഒരു പരിധിവരെ രക്ഷിക്കാം. ആംബുലൻസിലോ കിടത്തി കൊണ്ടുപോകാവുന്ന വാഹനത്തിലോ രോഗിയെ അടുത്തുള്ള ആശുപത്രിയിൽ ഉടൻ എത്തിക്കുക. ആരോഗ്യ വിദഗ്ധനുള്ള ഒരു നൂതന ആംബുലൻസ് സൗകര്യം ലഭ്യമാണെങ്കിൽ ഉടൻ അവരുടെ സഹായം തേടുക.
വാഹനാപകടങ്ങളിലെ ഗോൾഡൻ അവർ എന്താണ്?
ഒരു അപകടം സംഭവിച്ചു കഴിഞ്ഞാൽ വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് രോഗിക്ക് എടുക്കുന്ന സമയമാണിത്. ഒരു മണിക്കൂറിനുള്ളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. എത്രയും വേഗത്തിൽ വിദഗ്ധ ചികിത്സ കിട്ടുന്ന ഇടത്തേക്ക് രോഗിയെ എത്തിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രാഥമിക ശ്രൂശ്രൂഷകൾക്കു വേണ്ടി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എപ്പോഴും ഓർക്കുക. ട്രോമയുടെ ആദ്യ മണിക്കൂറിൽ രോഗിക്ക് ശരിയായ പരിചരണം നൽകിയാൽ അതവരുടെ അതിജീവന സാധ്യത വർധിപ്പിക്കും.

