ന്യൂഡൽഹി: ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ വ്യാഴാഴ്ച്ച പരിഗണിക്കാൻ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച്ച പരിഗണിക്കുന്ന എട്ടാമത്തെ കേസാണ് എസ് എൻ സി ലാവ്ലിനുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ. കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയതുൾപ്പടെയുള്ള ഹർജികളാണ് കോടതി പരിഗണിക്കുന്നത്.
കെ. കസ്തൂരി രംഗ അയ്യർ, ആർ. ശിവദാസൻ, കെ. ജി. രാജശേഖരൻ നായർ തുടങ്ങിയവർ കേസിന്റെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളും കോടതിയുടെ പരിഗണനയിലാണ്. ഹർജികൾ പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഏതെങ്കിലും കക്ഷി ആവശ്യപ്പെട്ടില്ലെങ്കിൽ അന്നുതന്നെ കേസിൽ വിശദമായ വാദം കോടതിയിൽ നടക്കുമെന്നാണ് വിവരം.
മുപ്പതിലേറെ തവണയാണ് ലാവ്ലിൻ കേസ് മാറ്റിവെച്ചിട്ടുള്ളത്. 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.
2017 ആഗസ്റ്റ് 23നാണ് ലാവ്ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിൻറ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം വി രാജഗോപാൽ, ആർ ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ 2018 ജനുവരി 11ന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ മാറ്റിവെച്ചത്.
അതേസമയം, സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും വ്യാഴാഴ്ച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

