തിരുവനന്തപുരം: കുട്ടികൾക്കിടയിൽ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അപായ സൂചനകൾ അവഗണിക്കരുതെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതുതന്നെയാണ് ഇവിടേയുമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്വാസകോശ അണുബാധ ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ട. എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രെൻഡ് നിരന്തരം വിലയിരുത്തി വരുന്നു. ഐ.എൽ.ഐ., എസ്.എ.ആർ.ഐ. എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരുന്നു. ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകി. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകൾ വഴി അവബോധം നൽകാനും ലക്ഷ്യമിടുന്നത്.
കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയിൽ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇമ്മ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആഗോളതലത്തിൽ തന്നെ ഈയൊരു ഇമ്മ്യൂണിറ്റി ഡെബ്റ്റ് കാണപ്പെടുന്നുണ്ട്. കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. ശ്വാസകോശ അണുബാധ ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.
അപായ സൂചനകൾ
ശ്വാസംമുട്ടൽ, കഫത്തിൽ രക്തം, അസാധാരണ മയക്കം, തളർച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തിൽ കൂടുതൽ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നീ അപായ സൂചനകൾ കണ്ടാൽ ഉടൻതന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്.
ശ്വാസമെടുപ്പ് ശ്രദ്ധിക്കണം
ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ട് മാസത്തിന് താഴെയുള്ള കുട്ടികൾക്ക് 60ന് മുകളിലും, 2 മാസം മുതൽ 1 വയസുവരെ 50ന് മുകളിലും 1 വയസുമുതൽ 5 വയസുവരെ 40ന് മുകളിലും 5 വയസുമുതലുള്ള കുട്ടികൾ 30ന് മുകളിലും ഒരു മിനറ്റിൽ ശ്വാസമെടുക്കുന്നതു കണ്ടാൽ ഡോക്ടറെ കാണിക്കേണ്ടതാണ്. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇതു നോക്കേണ്ടത്.
കുട്ടികൾ ശ്രദ്ധിക്കേണ്ടത്
· മാസ്ക് കൃത്യമായി ധരിക്കണം
· ചുമ, തുമ്മൽ ഉണ്ടെങ്കിൽ തൂവാല ഉപയോഗിക്കണം
· കൈ കഴുകുന്നത് ശീലമാക്കണം
രക്ഷിതാക്കൾ അറിയേണ്ടത്
· രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടരുത്
· കുട്ടികൾക്ക് ഇഷ്ടമുള്ള പോഷകാഹാരം, പാനീയം എന്നിവ നൽകണം
· തണുത്ത ആഹാരമോ പാനീയമോ നൽകരുത്
· ആഹാരം അളവ് കുറച്ച് കൂടുതൽ തവണ നൽകുക
· പോഷണഗുണമുള്ള ചൂടുപാനീയങ്ങൾ നൽകണം (ഉദാ: ചൂട് കഞ്ഞിവെള്ളത്തിൽ ചെറുനാരങ്ങ, ഉപ്പ് എന്നിവ ചേർത്ത് നൽകാം)
· പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങൾ നൽകണം
· രോഗലക്ഷണങ്ങൾ നിരീക്ഷിക്കണം
· അപായ സൂചനകൾ കണ്ടാൽ ഡോക്ടറെ കാണണം
· കൃത്യമായി മരുന്ന് നൽകണം

