ന്യൂയോര്ക്ക്: ഇന്സ്റ്റന്റ് ആര്ട്ടിക്കിള് സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി മെറ്റ. ഏപ്രില് 2023 ഫേസ്ബുക്ക് ഇന്സ്റ്റന്റ് ആര്ട്ടിക്കിള് സപ്പോര്ട്ട് അവസാനിപ്പിക്കുമെന്ന് മെറ്റ അവരുടെ മീഡിയ പാര്ട്ണര്മാരെ അറിയിച്ചു കഴിഞ്ഞു. ഇന്സ്റ്റന്റ് ആര്ട്ടിക്കിള് അവസാനിപ്പിക്കുന്നതോടെ ഒരു ആര്ട്ടിക്കിള് ലിങ്ക് ക്ലിക്ക് ചെയ്താല് ഫേസ്ബുക്കില് ലോഡ് ആകുന്നതിന് പകരം അവ ഏത് സൈറ്റിന്റെ ലിങ്കാണോ ക്ലിക്ക് ചെയ്യുന്നത് അവരുടെ സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും.
ഈയിടെയായി ന്യൂസ് സംബന്ധിയായ നിക്ഷേപങ്ങളില് നിന്നും ഫേസ്ബുക്ക് മാതൃ കമ്ബനിയായ മെറ്റ പിന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്ട്ട്. കമ്ബനി ഈ വര്ഷം ആദ്യം ഫേസ്ബുക്കിന്റെ ന്യൂസ് ടാബും ബുള്ളറ്റിന് ന്യൂസ് ലെറ്റര് ഉല്പ്പന്നങ്ങള് നീക്കം ചെയ്തിരുന്നു. 2023 ന്റെ തുടക്കത്തില് ബുള്ളറ്റിന് പൂര്ണ്ണമായും അവസാനിപ്പിക്കാനാണ് ഫേസ്ബുക്ക് തീരുമാനം. നിലവില് ലോകത്താകമാനമുള്ള ഫേസ്ബുക്ക് ഉപയോക്താക്കളില് 3 ശതമാനം മാത്രമാണ് ഫേസ്ബുക്കിലെ ന്യൂസ് ലിങ്കുകളില് താല്പ്പര്യം പ്രകടിപ്പിക്കുന്നുള്ളൂവെന്നാണ് ഫേസ്ബുക്കിന്റെ കണക്ക്. അതിനാല് തന്നെ ഒരു ബിസിനസ്സ് എന്ന നിലയില് ഉപയോക്തൃ മുന്ഗണനയില് പെടാത്ത കാര്യത്തിന് വേണ്ടി കൂടുതല് നിക്ഷേപം നടത്തുന്നതില് അര്ത്ഥമില്ലെന്നാണ് മെറ്റാ വക്താവ് എറിന് മില്ലര് പറയുന്നത്. ടിക്ടോക്ക് പോലുള്ള ചെറുവീഡിയോ ആപ്പുകള് നടത്തുന്ന മുന്നേറ്റം മുന്നില്കണ്ട് അത്തരത്തിലുള്ള മാറ്റത്തിനാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.

