ന്യൂഡല്ഹി: വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി ശശി തരൂര് രംഗത്ത്. വോട്ട് നല്കാന് ആഗ്രഹിക്കുന്ന സ്ഥാനാര്ത്ഥിയുടെ നേര്ക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിര്ദ്ദേശം. എന്നാല്, ‘ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ടിക്ക് മാര്ക്ക് ഇടുന്നതാണ് അഭികാമ്യം. ഗുണന ചിഹ്നമോ, ശരി മാര്ക്കോ ഇട്ടാല് വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറില് ആദ്യം പേരുള്ള ഖര്ഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിത്’- തരൂര് കുറ്റപ്പെടുത്തി.
അതേസമയം, കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കുന്നതിനാല് സ്ഥാനാര്ത്ഥികളായ മല്ലികാര്ജ്ജുന് ഖര്ഗെയുടെയും തരൂരിന്റെയും പ്രചാരണം ഇന്നവസാനിക്കും. വിശ്വസ്തനായ അശോക് ഗെഹ്ലോട്ടിനെ സ്ഥാനാര്ഥിയാക്കാന് നോക്കിയെങ്കിലും രാജസ്ഥാന് വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗെഹ്ലോട്ട് ഹൈക്കമാന്ഡിന്റെ ആക്ഷന് പ്ലാന് തകര്ത്തു. ഒടുവില് നറുക്ക് വീണത് എണ്പതുകാരനായ മല്ലികാര്ജ്ജുന് ഖര്ഗെക്ക്. ഗാന്ധി കുടംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂര് ഖാര്ഗയെ നേരിടാനും തയ്യാറായി രംഗത്തെത്തി.
നാളെ രാവിലെ പത്ത് മണി മുതല് വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകളാണുള്ളത്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പെട്ടികള് വിമാനമാര്ഗം ഡല്ഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണല്.

