വിഴിഞ്ഞം സമരം: സര്‍ക്കാരിന്റേത് ഏകപക്ഷീയ നിലപാടുകള്‍; സമരം ശക്തമാക്കണമെന്ന് ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി ലത്തീന്‍ അതിരൂപത. ഇതുസംബന്ധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ സര്‍ക്കുലര്‍ വായിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ ഞായറാഴ്ച്ചയാണ് പള്ളികളില്‍ അതിരൂപതയുടെ സര്‍ക്കുലര്‍ വായിക്കുന്നത്.

സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ലേഖനത്തിലുള്ളത്. തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് വിഴിഞ്ഞത്തെ സമരമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകളാണെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. തുറമുഖ നിര്‍മ്മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ പഠിക്കുന്നതിനായി ലത്തീന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. നാളെ നടത്താനിരിക്കുന്ന റോഡ് ഉപരോധത്തിന്റെയും ബുധനാഴ്ച നടത്താനിരിക്കുന്ന സമരത്തിന്റെയും വിശദാംശങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സമരം തുടങ്ങി അറുപത് ദിവസത്തിലധികം പിന്നിടുമ്‌ബോഴാണ് പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി അതിരൂപത സര്‍ക്കുലര്‍ വായിച്ചിരിക്കുന്നത്.