നയന്താരയും ഭര്ത്താവ് വിഘ്നേഷ് ശിവനും വാടകഗര്ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത് സിനിമലോകത്തും പുറത്തും ഏറെ വിവാദങ്ങള്ക്ക് കാരണമായിരുന്നു. വാടക ഗര്ഭധാരണത്തില് ഇരുവരും നിയമലംഘനം നടത്തി എന്നായിരുന്നു പ്രധാന ആരോപണം. തമിഴ്നാട് ആരോഗ്യവകുപ്പ് ഇക്കാര്യത്തില് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളില് വാടക ഗര്ഭധാരണത്തിലൂടെ അമ്മയായതില് നിയമപ്രശ്നങ്ങള് ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി. ആറുവര്ഷം മുമ്ബ് വിവാഹം രജിസ്റ്റര് ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടകഗര്ഭധാരണത്തിന് നടപടികള് തുടങ്ങിയതെന്നും താരദമ്ബതികള് തമിഴ്നാട് ആരോഗ്യവകുപ്പിന് സമര്പ്പിച്ച സത്യവാങ്മൂലത്തില് അറിയിച്ചു. വിവാഹം രജിസ്റ്റര് ചെയ്തതിന്റെ രേഖകളും ഇതോടൊപ്പം സമര്പ്പിച്ചിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാടകഗര്ഭധാരണത്തിനുള്ള നിയമങ്ങള് താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കില് വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തു വന്നിരുന്നു.

