ന്യൂഡൽഹി: സായുധ സേനാ യുദ്ധത്തിൽ വീരമൃത്യു വരിച്ചരുടെ ക്ഷേമനിധി ഫണ്ടിലേക്ക് സംഭാവന നൽകാൻ പൗരന്മാരെ പ്രാപ്തരാക്കുന്ന വെബ്സൈറ്റ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് വെബ്സൈറ്റ് പുറത്തിറക്കിയത്. ‘മാ ഭാരതി കേ സപൂത്’ എന്നാണ് പോർട്ടലിന്റെ പേര്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മൂന്ന് സർവീസുകളുടെയും തലവന്മാർ, നിരവധി പരമവീര ചക്ര അവാർഡ് ജേതാക്കൾ, മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥർ, വിവിധ കോർപ്പറേറ്റ് മേധാവികൾ, ബാങ്കുകളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടർമാരും, പ്രമുഖ കായിക വിദഗ്ധരും മറ്റ് സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തു.
ദേശീയ യുദ്ധസ്മാരക സമുച്ചയത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പോർട്ടൽ ലോഞ്ച് ചെയ്തത്. ദേശസ്നേഹികളായ ഇന്ത്യക്കാർക്ക് ഈ മഹത്തായ ലക്ഷ്യത്തിൽ ചേരുന്നതിനുള്ള പ്രക്രിയ ലളിതമാക്കുന്നതിനാണ് വെബ്സൈറ്റ് ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഫണ്ടിലേക്ക് നേരിട്ട് ഓൺലൈനായി സംഭാവന ചെയ്യാൻ കഴിയുമെന്നാണ് വെബ്സൈറ്റിന്റെ പ്രത്യേകത. സംഭാവനയുടെ സർട്ടിഫിക്കറ്റും ഓൺലൈനിലൂടെ തന്നെ ഡൗൺ ചെയ്യാം. സൈനിക ഓപ്പറേഷനിൽ ജീവൻ നഷ്ടമാവുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സൈനികർ, നാവികർ, വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവരുടെ കുടുംബങ്ങൾക്ക് ഉടനടി സാമ്പത്തിക സഹായം നൽകുന്നതിന് ഉപയോഗിക്കുന്ന ഒരു ട്രൈ-സർവീസ് ഫണ്ടാണ് AFBCWF.

