പാലക്കാട്: മതിയായ പരിശോധനയില്ലാതെ പാർട്ടി മെമ്പർഷിപ്പ് നൽകുന്നതിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി മെമ്പർഷിപ്പ് നേടിയിട്ടുള്ളവർ പൊലീസ് കേസുകളിൽ പെടുന്നത് സ്ഥിരമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇരട്ട നരബലി കേസിലെ മുഖ്യപ്രതി ഭവഗവൽ സിങ്ങിന്റെ പാർട്ടി ബന്ധം സിപിഎമ്മിന് വലിയ നാണക്കേടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മാർകിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണമെന്നാണ് അദ്ദഹത്തിന്റെ നിലപാട്. ചരിത്രം, പാർട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവൃത്തിയിലേർപ്പെടുമ്പോഴാണ് ഒരാൾ മാർക്സിസ്റ്റ് ആകാൻ തുടങ്ങുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ചിലർ ജീവിതത്തിൽ പകർത്തുന്നില്ല. ശുദ്ധ അംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവർ വഴുതി മാറുന്നു. എന്നിട്ട് കമ്യൂണിസ്റ്റ് പാർട്ടി മെമ്പറാണെന്ന പേരുദോഷം നമ്മൾ കേൾക്കാനിടയാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

