പ്രീ പ്രൈമറി തലം മുതൽ തന്നെ ട്രാഫിക് ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; വി ശിവൻകുട്ടി

തിരുവനന്തപുരം: കേരള പോലീസ് തിരുവനന്തപുരം നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു സ്‌കൂളുകളുടെ പരിസരത്തായി സംഘടിപ്പിക്കുന്ന ട്രാഫിക് റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വിദ്യാർത്ഥികൾക്കൊപ്പം അദ്ദേഹം ബോധവത്ക്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ഒപ്പം കമലേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനവും നടത്തി.

പ്രീ പ്രൈമറി തലം മുതൽ തന്നെ ട്രാഫിക് ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾചേർക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന് ഉയർന്ന സാക്ഷരതാ നിരക്കും ഉന്നതവിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും മികച്ച ആരോഗ്യ സംവിധാനങ്ങളും ഉണ്ട്. എന്നാൽ നിരത്തിലെ വാഹന ഉപയോഗം സംബന്ധിച്ച് ഇനിയും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഓരോരുത്തർക്കും ഗതാഗത സാക്ഷരത ഉണ്ടാവേണ്ടതുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകുന്നത് ഏറെ നന്നാവും. ഇക്കാര്യം കരിക്കുലം സമിതി ഏറെ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.