തനിക്കെതിരെ ഒരു തെളിവുമില്ല; ഉണ്ടായത് സാധാരണ വാഹനാപകടം മാത്രമാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ തനിക്കെതിരെ ഒരു തെളിവുമില്ലെന്നും മദ്യപിച്ച് വാഹനം ഓടിച്ചുവെന്നതിന് ശാസ്ത്രീയമായ തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നുമാണ് ശ്രീറാം വെങ്കിട്ടരാമൻ വ്യക്തമാക്കുന്നത്.

കെ എം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ താൻ വാഹനം ഓടിച്ചിട്ടില്ലെന്നും ഇതൊരു സാധാരണ വാഹനാപകടം മാത്രമാണെന്നും ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ശ്രീറാം കോടതിയിൽ വ്യക്തമാക്കി.

അതേസമയം, മദ്യപിച്ചിരുവന്നുവെന്ന് തെളിയിക്കാൻ രക്ത സാംപിളുകൾ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാൽ, സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിൾ എടുക്കാൻ ശ്രീറാം അനുവദിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. താനല്ല വഫ ഫിറോസാണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം ആദ്യം പൊലീസിന് നൽകിയ മൊഴി. അതും തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഒക്ടോബർ 19 ന് ഹർജികൾ വീണ്ടും കോടതി പരിഗണിക്കും. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിക്ക് മ്യൂസിയത്തിന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് കെ.എം ബഷീർ മരിക്കുന്നത്. കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു വാഹനം.